ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ വരുന്നു

454853
ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകും. ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും.

കേരളത്തിലെ പ്രതിനിധികള്‍ പങ്കെടുത്ത കോര്‍ കമ്മിറ്റിയോഗത്തില്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. കേരളം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.

ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തെ ന്യൂഡല്‍ഹിക്ക് വിളിച്ചുവരുത്തുകയായിരുന്നു . ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം ന്യൂഡല്‍ഹിക്കു പോയി. ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന ബി.ജെ.പി. സംസ്ഥാന കോര്‍ഗ്രൂപ്പ് യോഗത്തില്‍ കുമ്മനവും പങ്കെടുത്തു.

അധ്യക്ഷ സ്ഥാനത്തേക്ക് വി.മുരളീധരന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതിനാണ് പാര്‍ട്ടി കോര്‍ഗ്രൂപ്പ് യോഗം ചേര്‍ന്നത്. തിങ്കളാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമലയെ തീര്‍ത്ഥാടന നഗരമായി പ്രഖ്യാപിക്കുക, രംഗനാഥ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനവുമായാണ് കുമ്മനം മോദിയെ കണ്ടത്. ഹിന്ദു ഐക്യവേദിയുടെ നിവേദനം സ്വീകരിച്ച പ്രധാനമന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കുമ്മനത്തെ ക്ഷണിക്കുകയും ചെയ്തു.

പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ച കുമ്മനം കേന്ദ്ര സര്‍വീസിലിരിക്കെയാണ്‌ നിലയ്‌ക്കല്‍ സമരത്തില്‍ പങ്കെടുത്ത്‌ ആര്‍.എസ്‌.എസിന്റെ നേതൃതസ്‌ഥാനത്തെത്തിയത്‌. ശബരിമല വികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ച കുമ്മനം ഹൈന്ദവ സംഘടനകളെ ഏകോപിപ്പിക്കാനും മുന്നില്‍നിന്നു. കടുത്ത നിലപാടുകാരനാണെങ്കിലും സൗമ്യ സ്വഭാവക്കാരനായ കുമ്മനത്തിനു മറ്റു ജാതി സംഘടനകളെയും കൂടെക്കൂട്ടാനാകുമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close