ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം

ഇങ്ങനെ ഒരു അനുപമ പെരുമ, ഈ ലോകത്ത് മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ ഉണ്ടാവില്ല. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍,നമ്മള്‍, നമ്മളാല്‍ കഴിയും വിധം പരിശ്രമിച്ച് ഉണ്ടായതാണ്, അല്ല, ഉണ്ടാക്കിയതാണ് ഈ “സല്‍പ്പേര്”. എത്ര കൃത്യമായി നാം ഇത് തിരിച്ചറിയുന്നുണ്ട്? അറിയില്ല…

varattar

താലിബാന്‍ നൃശംസത, ബാമിയാന്‍ താഴ്വരയിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നത് വളരെ അടുത്തു കണ്ടവരാണ് നമ്മള്‍. അതില്‍ മനം നൊന്തു ആക്രോശിച്ചവരാണ് നമ്മള്‍. ഇരുപത്തഞ്ചു ദിവസം കൊണ്ടാണ്‌ ആറാം നൂറ്റാണ്ടിലെ ആ ബോധിശില്പങ്ങളെ dynamite വച്ച് തകര്‍ത്തത്. നാം ചെയ്തതോ? ഇതില്‍ നിന്നും എന്തെങ്കിലും കുറയുമോ നമ്മുടെ ചെയ്തിയുടെ പ്രാകൃതത്വം? എത്ര നദികളെയാണ് നാം നിഷ്കരുണം കൊന്നു കളഞ്ഞത്? ഈ പഴയ നഗരത്തിനു അഞ്ചോ ആറോ കിലോമീറ്റര്‍ ചുറ്റളവില്‍ മൃതപ്രായമായതോ ചത്ത്‌ മലച്ചു കിടക്കുന്നതോ ആയ നദിക*കളോ നദീഖണ്ഡമോ എത്രയെന്നറിയാമോ? ഒന്നും രണ്ടുമല്ല. നാലെണ്ണം! നാലെണ്ണം!

ഏതൊക്കെ? ഒന്ന് ശ്രദ്ധിക്കൂ…നാം എത്ര ജല/നദി/പ്രകൃതി സാക്ഷരര്‍ ആണെന്ന് സ്വയം തിരിച്ചറിയാന്‍ അതുതകും.

1. ആദിപമ്പ/ പൂര്‍വപമ്പ:

ഈ പേരില്‍ ഇങ്ങനെ ഒരു പമ്പ ഉണ്ടായിരുന്നില്ല, എണ്‍പതുകളിലോ തൊണ്ണൂറുകളിലോ വരെ. നമ്മുടെ ജീവിതകാലത്ത്, നമ്മുടെ സ്മരണ ഇല്ലായ്മ കൊണ്ടു,ആ പഴയ പാവനതയ്ക്ക്, നാം ഉണ്ടാക്കിക്കൊടുത്ത ഒരു പേരാണത്. ഇടനാട്ടില്‍, വഞ്ഞിപ്പോട്ടില്‍ കടവ് തുടങ്ങി, പുതുക്കുളങ്ങര പടനിലം സ്പര്‍ശിച്ചു, അവിടെ വരട്ടാറിനെ പ്രസ്രവിപ്പിച്ചു ,ചേന്നാത്തു ശിവന് പാദ നമസ്കാരം ചെയ്തു കൈപ്പാലക്കടവ് വഴി താഴെ ചെങ്ങന്നൂര്‍ ആറാട്ട് കടവില്‍ എത്തിയിരുന്ന ആ വഴിയില്‍, വഞ്ഞിപ്പോട്ടില്‍ കടവ് മുതല്‍ കൈപ്പാലക്കടവ് വരെ ഏഴ് കിലോമീറ്റര്‍ ദൂരമുള്ള ആ പഴയ നദീഖണ്ഡം ഇന്ന് ഒഴുക്ക് നിലച്ചിരിക്കുന്നു.. സ്വയമേവ നിലച്ചതല്ല.. നമ്മുടെ ഇടപെടീലുകള്‍ നിമിത്തം ഗതിരോധം വന്നു, പമ്പാജിക്ക് ഗതി മാറി ഒഴുകേണ്ടി വന്നു.. അത്ര ഗതികേടിലായി നമ്മുടെ വിശുദ്ധ, അമല പമ്പ. അടിയന്തിരം കാത്തുകിടക്കുന്ന ആ പഴയ പ്രവാഹിനിയെ നാം ഇന്ന് വിളിക്കുന്ന പേരാണ് ആദിപമ്പ/പൂര്‍വപമ്പ. പഞ്ചവടി എന്ന പേരില്‍ ഒരു കയം ഒക്കെ ആ വഴിയില്‍ ഉണ്ടായിരുന്നു. പണ്ടു ആ നദീവഴിയില്‍ ഒരു വള്ളംകളി നടന്നിരുന്നുവെന്ന് ഓര്‍മയുള്ളവര്‍ ഇന്നും ഉണ്ട്. വലിയ ഹിന്ദുമേളകളും.

2. വരട്ടാര്‍
മുകളില്‍ സൂചിപ്പിച്ചത് പോലെ, ആദിപമ്പ ഇന്ന് നാം വിളിക്കുന്ന, പഴയ, യഥാര്‍ത്ഥ പമ്പയില്‍, ഓതറ പുതുക്കുളങ്ങര പടനിലത്തു നിന്നാണ് വരട്ടാര്‍ ഒഴുകിയിറങ്ങിയിരുന്നത്. മംഗലവും തൈമറവുംകരയും ത്രിക്കയില്‍ തേവരുടെ മഴുക്കീറും ശ്രീവല്ലഭ പെരുമാളുടെ ആറാട്ട് കടവും, വഞ്ചിമൂട്ടില്‍ ഭഗവതിയുടെ ശ്രീലകവും ഒക്കെ കടന്നു മണിമലയാറ്റില്‍ ഇരമല്ലിക്കര വാളത്തോട് ഭാഗത്ത്‌ സംഗമിച്ചിരുന്നു ഒരുകാലം വരെ ഈ നദിക. പന്ത്രണ്ടു കിലോമീറ്ററെങ്കിലും ഉണ്ടാവും ഇതിന്റെ നീളം. പഴയ പമ്പ ഇല്ലാതായതോടെ ഒഴുക്കു പതുക്കെ പതുക്കെ നിലച്ച ഈ ചെറുനദിക്കു നാം മറ്റൊരു ‘ പണി’ കൂടി കൊടുത്തു. പുതുക്കുളങ്ങരയില്‍, ഇതിന്റെ പ്രഭവ നാളി, നാം ‘കെട്ടി അടച്ചു’ കളഞ്ഞു. അവിടുത്തെ മണല്‍വാരലുകാര്‍ അവരുടെ ഏതോ ഖനന ആവശ്യത്തിനു വേണ്ടി കാട്ടിയതാണ് ഈ ക്രൂരത. ഇരുളില്‍ അവര്‍ വാരിയ മണല്‍ വാങ്ങാന്‍ നാം അപ്പുറം ഉണ്ടായിരുന്നു. അതുകൊണ്ടാണ് നാം എന്ന് പറഞ്ഞത്. ക്ഷമിക്ക.

3. ഉത്തരപ്പള്ളിയാര്‍
അച്ഛന്‍കോവിലാറ്റില്‍, വെണ്മണിയില്‍ ആരംഭിച്ചു,വെണ്മണി, ആല, ചെറിയനാട്, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി പാണ്ടനാട്ടില്‍ പമ്പാനദിയോട് ചേര്‍ന്നിരുന്ന ഉത്തരപ്പള്ളിയാര്‍ അഞ്ചോ ആറോ ദശകങ്ങള്‍ക്കപ്പുറം സമൃദ്ധമായി ഒഴുകിയിരുന്നതാണ്. പതിനെട്ടു കിലോമീറ്റര്‍ നീളം വരുന്ന ആ നദി ഇന്ന് മുതിര്‍ന്നവരുടെ ഓര്‍മയില്‍ മാത്രം ഉള്ള ഒരു നദി ആണ്. ഇത് വഴിയായിരുന്നു അച്ഛന്‍കോവിലാറ് മാര്‍ത്താണ്ടവര്‍മയുടെ കാലം വരെ ഒഴുകി വന്നിരുന്നത് എന്നാണ് ശ്രുതി. ഈ പഴയ ധാര ഒഴുകുന്ന പല പഞ്ചായത്തു രേഖകളിലും ഇങ്ങനെ ഒരു നദി പരാമര്‍ശം ഇല്ലാ എന്നൊരു വിചിത്രമായ വസ്തുതയും ഉണ്ട്. രേഖകളില്‍ നിന്ന് വരെ മാഞ്ഞുപോയി ആ നദി! ത്രിപ്പുലിയൂരപ്പന്‍റെ, നെടുവരംകോട് ശിവന്‍റെ, ചെറിയനാട് സുബ്രമണ്യസ്വാമിയുടെ ഒക്കെ തിരു ആറാട്ട്‌ നടന്നിരുന്നു ഈ നദിയില്‍ പണ്ടെങ്ങോ! പണ്ട് പണ്ട്!

ഊര്‍ധ്വന്‍ വലിച്ചുകിടക്കുന്ന ഒരു ധാര കൂടി ഉണ്ട്. പൂര്‍വികരുടെ പുണ്യം കൊണ്ടു അല്പം ജീവന്‍, അല്പമാത്രം ജീവന്‍ അവശേഷിക്കുന്ന ഒന്ന്… നാലാമത്തെത് അതാവട്ടെ.

4. കുട്ടംപേരൂര്‍ ആറ്

അച്ചന്കൊവിലാറ്റില്‍ ഉളുന്തിയില്‍ നിന്ന് ഉത്ഭവിച്ച് ഗ്രാമം, എണ്ണയ്ക്കാട്, ബുധനൂര്‍, പാണ്ടനാടു വഴി ഒഴുകുന്ന ഈ നദി , പിന്നീട് രണ്ടായി പിരിയുന്നു. അതില്‍ ഒരു ശാഖ നാക്കടയില്‍ വച്ചും, അടുത്തത് മാന്നാര്‍ പന്നായി കടവില്‍ വച്ചും പുണ്യപമ്പയില്‍ സംലയിക്കുന്നു. പലയിടങ്ങളും 70 മുതല്‍ 100 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ഈ നദിയെ, നാം ഇന്ന് മൂന്ന് നാല് മീറ്ററാക്കി ചുരുക്കി എടുത്തിട്ടുണ്ട്. ഒരു കരയില്‍ വൈഷ്ണവ സങ്കേതങ്ങളും മറുകരയില്‍ ശൈവസങ്കേതങ്ങളും ആയി എങ്ങനെയോ വിന്യസിക്കപ്പെട്ടിരുന്നു ഈ നദീതടനാഗരികത എന്ന് വളരെ അപൂര്‍വമായ ഒരു നിരീക്ഷണം ഉണ്ട് ഇതിനെപ്പറ്റി.
പിന്നെ, ആസന്നമരണയായ, നഗരത്തിന്‍റെ സ്വന്തം ജലഭണ്ഡാരം, എട്ടു കിലോമീറ്ററോളം നീളമുള്ള ഇല്ലിമല തോടും. (കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങലുറെയും മധ്യത്തിലായി ഇത്തരം ഒരു ദീര്‍ഘപ്രവാഹം ഉണ്ടാവും.)

(ഇത് ഇന്നത്തെ ചെങ്ങന്നുരിന്റെ കഥ. പടിഞ്ഞാറ് തേവേരിപ്പുഴയും, വടക്കു കവിയൂര്‍പുഴയും, കിഴക്ക് കോഴിത്തോടും, തെക്ക് വെണ്മണിപ്പാടവും അതിരുകള്‍ ആയിരുന്ന പഴയ ചെങ്ങന്നൂര്‍ ഗ്രാമത്തിന്റെ നദീസംപത്തിനെ അന്വേഷിച്ചാല്‍ വിഷമത്തിലാവും.. കുമാരനല്ലൂര്‍ മുതല്‍ കന്യാകുമാരി വരെ വിസ്തൃതി ഉണ്ടായിരുന്ന പഴയ ചെങ്ങന്നൂര്‍ കഴകത്തിന്‍റെ നദീനഷ്ടത്തിന്‍റെ കഥ അതിലും എത്രയോ ദാരുണമാവും.)

കാലം മാറുന്നു. അമേരിക്ക മുതല്‍ ആഫ്രിക്ക വരെ, വികസിതമോ വികസ്വരമോ എന്ന ഭേദങ്ങള്‍ ഇല്ലാതെ, ലോകമാസകലം ശാസ്ത്രീയമായ നദീസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. നാം മാത്രം ഇതൊന്നും അറിഞ്ഞിട്ടില്ല. ഭാരതത്തില്‍ ഏറ്റം മോശം കുടിവെള്ളം ഉള്ള ദേശമായിക്കഴിഞ്ഞു 44 നദികളുടെ ഈ കേരളം. കേരളത്തിലെ ഏറ്റം മോശം ജീവജലം ഉള്ള ഇടങ്ങളില്‍ ഒന്നായി ഈ മണ്ഡലം. നാം ഇതൊന്നും ശ്രദ്ധിക്കില്ല. അങ്ങനെ, അങ്ങനെ, പതുക്കെ പതുക്കെ, പരിഹാസ്യരായ ഒരു ജനതയായി നാം മാറിതുടങ്ങുകയാണ്. വിശ്വ-ജലസാക്ഷര സമൂഹത്തിന്റെ മുന്‍പില്‍ Land of Dead Rivers ആയി നമ്മുടെ ഇടം അറിഞ്ഞുതുടങ്ങിയേക്കും.. ബാമിയാന്‍ താഴ്‌വരയിലേത് പോലെ ഒരു നെഗറ്റീവ് ടൂറിസത്തിനുള്ള സാധ്യത കാണുന്നുണ്ട്. മൃതനദികളുടെ ഈ പ്രാകൃതിക Eco-museum അത്തരം ഒരു വിദേശനാണ്യ സാധ്യത നമുക്ക് മുന്‍പില്‍ തുറന്നിട്ടേക്കും. അങ്ങനെയും കൂടി നമ്മുടെ കൃതഘ്നതയ്ക്ക് ഉതകിയിട്ടെ ഈ ‘ചിരമുദ്ര’കള്‍ ഇവിടെ നിന്ന് പൂര്‍ണമായും മാഞ്ഞു പോകൂ.

അടിയന്തിരാവസ്ഥക്കാലത്താണ്നോബല്‍ ജേതാവായ  വി എസ് നെയ്പാള്‍ ആദ്യം ഹംപിയില്‍ എത്തുന്നത്. ധ്വംസനത്തിന്റെ ആ ചരമസീമ കണ്ടു അന്നദ്ദേഹം പൊട്ടിക്കരഞ്ഞിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.  ആരോ ഒരാള്‍ അങ്ങനെ വരാനിരിക്കുന്നുണ്ട് നിങ്ങളുടെ ഈ, നദികളുടെ മൃതനഗരത്തിലേക്ക്. അയാളുടെ കണ്ണീരുപ്പും കൂടി വീണേ നമ്മിലെ ജളഭഗീരഥരില്‍ ആരെങ്കിലും ഈ പാതാളഗംഗകളെ തേടി  യാത്രയാകാന്‍ ആലോചിക്കൂ…ആ കാലം വരെ ഈ മഹാനദീതടം ആര് കാക്കും? അല്ലെങ്കില്‍ തന്നെ ആര് ആരെ, എന്തിനെ, എന്തിനു വേണ്ടി  കാക്കാനാണ് അല്ലെ? 

By: Praveen Sankaramangalam
      Akshaya Pampa mission

( DHARA FOUNDATION ന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പദ്ധതി ആണ് അക്ഷയ പമ്പാ മിഷന്‍ : പുണ്യ നദിയായ പമ്പയുടെയും , കൈവഴികളുടെയും പുനരുജീവനവും കൂടാതെ ഇതുമൂലം ജീവിച്ചു പോന്നിരുന്ന സമ്പൂര്‍ണ ജൈവവൈവിധ്യങ്ങളുടെയും പുനര്‍ ജീവനവും ,പരിപാലനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു.)

Show More

Related Articles

Close
Close