ഐഎസ്എൽ: നോർത്ത് ഈസ്റ്റ്– ജാംഷെഡ്പുർ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ

ഐഎസ്എല്ലിൽ  നാലാം സീസണിലെ രണ്ടാം മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്– ജാംഷെഡ്പുർ എഫ്സി മത്സരമാണ് ഗോളൊന്നും പിറക്കാതെ അവസാനിച്ചത്. പരിചയ സമ്പന്നരായ നോർത്ത് ഈസ്റ്റിനു മുന്നിൽ ആദ്യം പതറിയ ജാംഷെഡ്പുർ പക്ഷേ മത്സരത്തിലേക്കു തിരിച്ചെത്തി പുറത്തെടുത്തത് മികച്ച പ്രകടനം.

4–2–3–1 ഫോർമേഷനിലായിരുന്നു ഇരുടീമുകളും കളത്തിലിറങ്ങിയത്. മലയാളികളുടെ പ്രിയപ്പെട്ട സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ ജാംഷെഡ്പുർ എഫ്സിക്കു കളിയുടെ ആരംഭത്തിൽ പക്ഷേ തുടക്കക്കാരുടെ പതർച്ച മറച്ചു വയ്ക്കാനായില്ല. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജാംഷെഡ്പുറിനെ വിറപ്പിച്ച മുന്നേറ്റവുമുണ്ടായി. ഗോളെന്നുറപ്പിച്ച നീക്കം പക്ഷേ മാർസീഞ്ഞോ ക്രോസ്ബാറിനു മുകളിലേക്കടിച്ച് കളഞ്ഞുകുളിച്ചു. തുടർന്ന് ആക്രമിച്ചു കളിച്ച നോർത്ത് ഈസ്റ്റിനെതിരെ പതിയെപ്പതിയെ മികച്ച പ്രതിരോധമുയർത്താനും ജാംഷെഡ്പുറിനായി.

അവസാന നിമിഷങ്ങളിൽ‌ കനത്ത മുന്നേറ്റങ്ങൾ നോർത്ത് ഈസ്റ്റിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും  പ്രതിരോധത്തിത്തിൽ തട്ടി അവസരങ്ങളെല്ലാം നഷ്ടമാവുകയായിരുന്നു. സമനിലയെത്തുടർന്ന് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

Show More

Related Articles

Close
Close