അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി; ചൈനയ്ക്ക് പങ്കെന്ന് ആരോപണം

അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി. അതേസമയം നദീജലം ഉപയോഗശൂന്യമായതിന് പിന്നില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാന്‍ ചൈന നടത്തുന്ന ശ്രമങ്ങളാണ് നദിയിലെ ജലം മലിനപ്പെടുത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് എംപി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചു.

സാധാരണഗതിയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ നദിയിലെ ജലം തെളിഞ്ഞതാകും. എന്നാല്‍ ഈ സമയത്ത് സിയാങ് നദിയിലെ ജലം ഇത്തരത്തില്‍ മലിനപ്പെടാന്‍ മറ്റു കാരണങ്ങളൊന്നും കാണുന്നില്ലെന്ന് കത്തില്‍ എറിങ് ചൂണ്ടിക്കാട്ടി. ചൈനയുടെ ഭാഗത്ത് വന്‍തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് നദിയിലെ ജലം കലങ്ങിയതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ടിബറ്റിലൂടെ 1600 കിലോമീറ്റര്‍ ഒഴുകി അരുണാചലിലെത്തുന്ന നദിയുടെ തുടക്കഭാഗത്തെവിടെയോ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലമാണ് ജലം മലിനമായതെന്നാണ് ആരോപണം. ലോഹിത്, ദിബാങ് നദികളുമായി ചേര്‍ന്നൊഴുകിയാണു സിയാങ് ബ്രഹ്മപുത്രയായി മാറുന്നത്.

കേന്ദ്ര ജല കമ്മിഷന്‍ മലിനമായ നദീജലത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പു മുതല്‍ സിയാങ് നദിയിലെ ജലത്തില്‍ സിമന്റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ അഴുക്ക് വന്‍ തോതില്‍ കാണപ്പെടുന്നുണ്ട്.

ബ്രഹ്മപുത്ര നദിയില്‍നിന്നു വെള്ളം ചോര്‍ത്താനുള്ള ബൃഹദ് പദ്ധതിക്കു ചൈന തുടക്കം കുറിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രഹ്മപുത്രയുടെ പോഷകനദിയായ ദക്ഷിണ ടിബറ്റിലെ യര്‍ലങ് സാങ്‌ബോയില്‍നിന്നു (അരുണാചലിലെത്തുമ്പോള്‍ ഈ നദി സിയാങ് എന്നാണ് അറിയപ്പെടുന്നത്) ചൈനയിലെ ഷിന്‍ജിയാങ്ങിലേക്ക് 1000 കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ചു വെള്ളം വഴിതിരിച്ചു വിടാനാണു പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിലൂടെ ഷിന്‍ജിയാങ്ങിലെ തക്ലാമാകന്‍ മരുഭൂമി കൃഷിയോഗ്യമാക്കുമെന്നു സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിബറ്റിലെ യര്‍ലങ് സാങ്‌ബോയില്‍ അണക്കെട്ടു നിര്‍മ്മിക്കുന്നതുപോലും ഇന്ത്യ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്.

Show More

Related Articles

Close
Close