Trending

കലിതുള്ളി പ്രകൃതി:ചെങ്ങന്നൂര്‍ ,നിലമ്പൂര്‍,വയനാട്…ഇനി ?

ചെങ്ങന്നൂര്‍ എന്റെ പെറ്റമ്മയാണെങ്കില്‍ നിലമ്പൂര്‍ എനിക്ക് പോറ്റമ്മയാണ്.

2018 ആഗസ്റ്റ്‌ 15…

ചെങ്ങന്നൂരിലേക്കുള്ള എല്ലാ വഴികളും പ്രളയ ജലത്താല്‍ നിറഞ്ഞു. ആറന്മുളയും ഇടനാടും ഓതറയും പാണ്ടനാടും തിരുവന്‍വണ്ടൂരും അപകടമാം വിധം ജലത്തിനടിയിലായി. പിന്നെയും ജലനിരപ്പ്‌ നിമിഷത്തിന് എന്നോണം ഉയര്‍ന്നുകൊണ്ടേയിരുന്നു. പ്രാണരക്ഷക്കായി ഒരു ജനസമൂഹം ആര്‍ത്തുവിളിക്കുന്നത്‌ ലോകം ഞെട്ടലോടെ കേട്ടു. ഉറ്റവരേയും ഉടയവരേയും അന്വേഷിച്ച് പ്രവാസ ഫോണ്‍ കോളുകള്‍ വന്നുകൊണ്ടേയിരുന്നു. വീടുകളുടെ ടെറസ്സുകളില്‍ അഭയം തേടിയവരുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. ഒടുവില്‍ ചെങ്ങന്നൂര്‍ നഗരവും മഹാപ്രളയത്തിലമര്‍ന്നു

ചെങ്ങന്നൂരിലെ യുവതയാണ് ആദ്യം ഉണര്‍ന്നത്. അവര്‍ ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ വീടുവിട്ടിറങ്ങി. തലങ്ങും വിലങ്ങുമോടി ! മഹാപ്രളയത്തിലൂടെ അവരുടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞത് അനേകരെയും വഹിച്ചായിരുന്നു. ജലമുയര്‍ന്നതിനൊപ്പം അവരുടെ വാഹനങ്ങളും നിശ്ചലമായി.

ഒരു നിമിഷം എന്‍റെ ചെങ്ങന്നൂര്‍ വിറങ്ങലിച്ചുനിന്നു….

എന്‍റെ അമ്മയുടെ മടിത്തട്ടിലേക്ക്അനേകായിരങ്ങള്‍ മരിച്ചുവീഴുമായിരുന്നിടത്തേക്ക് അവരെത്തി…കടലിന്‍റെ പൊന്നുമക്കള്‍ ! ആഴമറിയാത്ത ജലത്തില്‍ ഒഴുക്കിന്‍റെ ദിശയറിയാത്ത മഹാപ്രളയത്തില്‍ സ്വന്തം പ്രാണന്‍ കരയില്‍വച്ച് അവര്‍ തുഴയെറിഞ്ഞു. നൂറുകണക്കിന് പ്രാണന്‍ അവര്‍ സുരക്ഷിതമായി കരക്കടുപ്പിച്ചു. പിന്നെയും പിന്നെയും അടങ്ങാത്ത ജലക്കലിയിലേക്ക് അവര്‍ പോയിവന്നു. ജാതിയും മതവും സമ്പത്തും തിരിച്ചറിയാത്ത പ്രാണനുണ്ടായിരുന്നു ഓരോ വരവിലും അവര്‍ക്കൊപ്പം. സ്വജീവന്‍ പണയം നല്‍കി അവരേകിയ കാരുണ്യക്കടലിലേക്കാണ് പിന്നീട് ദുരന്ത നിവാരണ സേനയും അതുകഴിഞ്ഞ് ആര്‍മിയും പറന്നിറങ്ങിയത്.

അപ്പോഴും പ്രകൃതിയുടെ കലിയടങ്ങിയിരുന്നില്ല. ചെങ്ങന്നൂരിന്‍റെ യുവതയുടെ ചങ്കൂറ്റത്തിലൂടെ പൊരുതിനീങ്ങിയ മത്സ്യത്തൊഴിലാളികളും ദുരന്തനിവാരണ സേനയും ആര്‍മിയും രക്ഷിച്ചത്‌ എന്‍റെ നാടിനെയാണ് . അതിനിന്ന് ഒരാണ്ടാണ്….കൃത്യം.

2019 ആഗസ്റ്റ്‌ 15…..നിലമ്പൂര്‍

എന്‍റെ പോറ്റമ്മയുടെ നിലവിളിക്കറുതിയില്ല… നിലമ്പൂര്‍ ഭൂദാനത്തെ കവളപ്പാറയില്‍ മഹാദുരന്തം എത്തിയിട്ട് ഇന്നൊരാഴ്ച. ഇതെഴുതുംമ്പോഴും എന്‍റെ ഇരുപത്തിയാറു സഹോദരങ്ങള്‍ മണ്ണിനടിയില്‍ത്തന്നെയാണ്.കഴിഞ്ഞ വ്യാഴാഴ്ചരാത്രി 8.30 ഓടെ കവളപ്പാറ മുത്തപ്പന്‍ കുന്നിടിഞ്ഞ് 59 പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇപ്പോഴും 33 മാത്രമാണ് ദേഹമായെത്തിയത്.

എനിക്കറിയാവുന്ന മണ്ണ്…എന്നെ പോറ്റിയ മനസ്സ്… 

നിലമ്പൂരിലെ ചുങ്കത്തറയും ഉപ്പടയും നെട്ടിക്കുളവും ചാത്തമുണ്ടയും നമ്പൂരിപ്പൊട്ടിയും വെള്ളിമുറ്റവും പാതാറും മുണ്ടേരിയും പിന്നെ ഭൂദാനവും…ഞാന്‍ നടന്ന വഴികള്‍….എനിക്ക് ചോറുതന്ന എത്രയോ വീടുകള്‍ …എന്‍റെ സോദരങ്ങള്‍ ഇന്ന് ഒടുങ്ങാത്ത ദുരിതക്കയത്തിലാണ്. മറുവശം, പൂക്കോട്ടുംപാടവും കരുളായിയും കാളികാവും കരുവാരക്കുണ്ടും…അങ്ങകലെ കല്‍ക്കുണ്ടും ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്നു. എന്‍റെ പോറ്റമ്മയുടെ നെഞ്ചുപിളര്‍ത്തിയ പ്രകൃതിയുടെ താണ്ഡവം കവര്‍ന്നെടുത്തത് എത്ര ജീവനെ? എന്തെല്ലാം സ്വപ്നങ്ങളെ ?

ഭൂദാനത്തെ എന്‍റെ സുഹൃത്ത് ( അതിനപ്പുറം സോദരന്‍) ചന്ദ്രനെ വിളിച്ച് വിളിച്ച് കിട്ടിയത് ഇന്നലെയാണ്.. “സാറെ വിളിക്കാം, ഓടിയിങ്ങോട്ട് വരണ്ട…എത്താന്‍ കഴിയില്ല”. ഭൂദാനംകാരുടെ  പ്രിയ ചന്ദ്രേട്ടന്‍ പെട്ടന്ന് ഫോണ്‍ വച്ചു.

ചന്ദ്രനുണ്ട്‌… ആശ്വാസം.

മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ പ്രിയ, പ്രിയദര്‍ശന്‍റെ ചിത്രവും വാര്‍ത്തയും തെളിഞ്ഞു. ഒന്നനങ്ങാനാവാതെ..ഒരു നിലവിളിക്കുപോലുമിടനല്‍കാതെ..ഒന്ന് വീഴാന്‍ പോലുമനുവദിക്കാതെ…ബൈക്കില്‍ ഇരുന്നിരുപ്പില്‍…ഈശ്വരാ.

മഹാഭാരതത്തില്‍ ഗാന്ധാരിയമ്മ ഭഗവാനോട് ചോദിച്ച ചോദ്യം..അടങ്ങാത്ത വിഷാദത്തോടെ,ഒടുങ്ങാത്ത രോഷത്തോടെ ഞാനും ചോദിച്ചുപോയി..

” കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍ തന്നെനീ , കൊല്ലിക്കയത്രേ നിനക്ക് രസമെടോ ”

തൊട്ടടുത്ത്, വീണ്ടെടുക്കാനാവാത്ത വിധം വയനാടിന്‍റെ പല ഭാഗങ്ങളും മന്മറഞ്ഞു കഴിഞ്ഞു. പുത്തുമലയില്‍ കാണാതായവരെ ആരെയും കണ്ടെത്തിയിട്ടില്ല ഇതുവരെ എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

കലിയടങ്ങാതെ പ്രകൃതി.. 

പ്രളയവും ഉരുള്‍പ്പൊട്ടലും മലയാളനാടിനെ തുടരെത്തുടരെ ഗ്രസിക്കുമ്പോള്‍..പാടശേഖരങ്ങള്‍ കനീര്‍ക്കയങ്ങളാകുന്ന കുട്ടനാടിന്‍റെശാപം തുടര്‍ക്കഥയാകുമ്പോള്‍..പാലക്കാടന്‍ കൃഷിയിടങ്ങളിലെ കര്‍ഷകധ്വാനം വൃഥാവിലാകുമ്പോള്‍….

ഇന്നലെ ചെങ്ങന്നൂര്‍. ഇന്നു നിലമ്പൂരും വയനാടും ഇരുട്ടിയും. ഒടുങ്ങാത്ത നാശത്തിനിരയായി കുട്ടനാടും..

ഇനിയെവിടെ ? 

പെരിയാറും പമ്പയാറും ഭാരതപ്പുഴയും ചാലിയാറും കേവലം ചെറുമഴക്കൊപ്പം കലിതുള്ളുംമ്പോള്‍, തീരദേശം അരക്ഷിതമാവുമ്പോള്‍ ഇനി എവിടൊരു പ്രളയത്തെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു നമ്മള്‍?

അനേക ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, കേരളത്തിലെ മെട്രോ നഗരങ്ങളില്‍ പ്രലയമെത്തിയാല്‍ നാമെന്തുചെയ്യും?. ” ചെകുത്താനും കടലിനുമിടയില്‍ ” പെട്ടപോലെയാവും കേരളത്തിന്‍റെഅവസ്ഥ. കാരണം നമ്മുടെ നഗരങ്ങളുടെ ഒരു വശം നീളെ കടലാണ് ! 44 ” നശിപ്പിക്കപ്പെട്ട” നദികളില്‍ നിന്നും ഒരു നിശ്ചയവും ഇല്ലാതെ ഒഴുകി വരുന്ന പ്രളയജലം വരുത്തിവച്ചേക്കാവുന്ന നാശത്തിന്‍റെ തോത് ഊഹിക്കാവുന്നതില്‍ ഏറെയാണ്.

ചെങ്ങന്നൂരെ പ്രളയത്തിനു ഡാമിനെ പഴിചാരം..! നിലമ്പൂരും വയനാട്ടിലും കണ്ടതോ?

മടങ്ങണം നാം…കാളവണ്ടി മഹായുഗത്തിലേക്ക്.  ഓര്‍മകള്‍ ഉണ്ടായിരിക്കണം. അന്നും മഴ പെയ്തിരുന്നു എന്നാല്‍ ” അലേര്‍ട്ട്” ഒന്നും ഇല്ലായിരുന്നു.

99 ലെ വെള്ളപ്പൊക്കം ഈ തലമുറക്കാര്‍ അനുഭവിച്ചതല്ല. എന്നാലിപ്പോള്‍ 2018….2019

ഇനി…..2020ല്‍ എന്ത്?

ലേഖകന്‍ : രമേശ്‌ വാസുദേവന്‍

തുടരും….

 

 

Show More

Related Articles

Close
Close