കുറവുകൾ പരിഹരിച്ച് നല്ല ഫലം നേടാൻ ടീമിനെ പ്രാപ്തരാക്കും: ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് 

മസ്കറ്റ്: കുറവുകൾ പരിഹരിച്ച് ടീം ഇന്ത്യയെ നല്ല ഫലം നേടുന്നതിന് പ്രാപ്തരാക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഇഗോർ സ്റ്റിമാക്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ തോൽ വിയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളി നന്നായിരുന്നു. ഒമാന് തീർച്ചയായും ഇന്ത്യയേക്കാൾ അവസരങ്ങൾ നേടാനായി. രണ്ടാം പകുതിയിൽ ഇന്ത്യ കുറച്ചുകൂടി മെച്ചമായി കളിച്ചു. വിജയിക്കാനായി പരമാവധി ശ്രമിച്ചു. പക്ഷെ ഞങ്ങൾക്ക് ഗോൾ കണ്ടെത്താനായില്ല. ഇത് തന്നെയായിരുന്നു കഴിഞ്ഞ എല്ലാ കളികളിലെയും ഞങ്ങളുടെ പ്രശനം. എല്ലാ ഗോളുകളും വന്നത് സെറ്റ് പീസിൽ നിന്നാണ്. ഗോൾ നേടാൻ കാരണക്കാരാകാനിടയുള്ള താരങ്ങളുടെ അഭാവം ഞങ്ങൾക്ക് വലിയ തിരിച്ചടിയായി. ഞങ്ങൾ ധാരാളം മികച്ച കാര്യങ്ങൾ ഗ്രൗണ്ടിൽ ചെയ്തു. ഞങ്ങൾ നല്ല മൂവ്മെന്റുകൾ നടത്തി. ഞങ്ങൾ നന്നായി പോരാടി. എന്നാൽ ബോക്സിലേക്കുള്ള ഞങ്ങളുടെ പ്രകടനം മെച്ചപ്പെടേണ്ടിയിരിക്കുന്നു.

ഒമാൻ തീർച്ചയായും ഇന്ത്യയേക്കാൾ ഒരു പടി മുകളിലായിരുന്നു. ഒമാൻ ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. അവർക്ക് കരുത്തും വേഗതയുമുണ്ട്. ഞങ്ങൾ അവർക്കൊപ്പമെത്താൻ ശ്രമിച്ചു. ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ എന്റെ കളിക്കാരിൽ സന്തുഷ്ടരാണ്. ഇന്നും എനിക്ക് അഭിമാനിക്കാനുള്ള വഴി അവർ കാണിച്ചു തന്നു. ആദ്യ പകുതിയിൽ കുറച്ചു കൂടി നന്നായി അവർക്കു കളിക്കാമായിരുന്നു. പെനാൽറ്റി സാധ്യതക്കുള്ള അവസരങ്ങൾ വഴങ്ങിയതും ഗോൾ വഴങ്ങിയതുമെല്ലാം പിഴവുകളായിരുന്നു. എന്നാൽ ഇതെല്ലം ടീമിനു കൂടുതൽ അനുഭവങ്ങൾ നൽകും. അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ അനുഭവങ്ങൾ കുറവുകൾ പരിഹരിച്ചു നല്ല ഫലങ്ങൾ നേടാൻ അവരെ പ്രാപ്തരാക്കും.

പരിക്കുകൾ ടീമിനെ ബാധിച്ചിരുന്നു. അനുഭവസമ്പത്തിലെ കുറവ് ടീമിനെ ബാധിച്ചിരുന്നു. അവർ മികച്ച ടീമുകളുമായി വാശിയേറിയ പോരാട്ടങ്ങളിൽ ആവശ്യത്തിന് പങ്കെടുത്തിട്ടില്ല. ഇന്നത്തെ പ്രശ്നങ്ങൾ വ്യത്യസ്തമായിരുന്നു. ഈ വിലയിരുത്തലുകൾ ടീമിന്റെ പുരോഗമനത്തെ അനുകൂലമായി ബാധിക്കും. ഇത്തരത്തിലുള്ള പിഴവുകൾ സംഭവിച്ചാലേ അതിനെ മറികടക്കാൻ ഞങ്ങൾ പഠിക്കൂ. ഏതാവസ്ഥയിലും ഏതൊരു ടീമിനെതിരെയും പോരാടാൻ ശക്തിയുള്ള ടീമായി എന്റെ ടീം മാറണം. അതാണെന്റെ ലക്ഷ്യമെന്നും സ്റ്റിമാക് പറഞ്ഞു.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഒമാന്റെ ജയം.

Show More

Related Articles

Close
Close