അമ്മയ്ക്ക് പിന്നാലെ ഇർഫാൻ ഖാനും വിടവാങ്ങി

ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 54 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ വൻകുടലിലെ കാൻസറിന് ചികിത്സയിലായിരിക്കവെയാണ് അന്ത്യം. 2018ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തുകയായിരുന്നു.
ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇർഫാൻ, ഹോളിവുഡിൽ സ്ലം ഡോഗ് മില്യണയർ, അമെെസിംങ് സ്പെെഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ഓസ്കാർ ചിത്രമായ സ്ലംഡോഗ് മില്യനെയറിലും ഇർഫാൻ പ്രധാന കഥാപാത്രമാണ്. ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മഖ്ബൂൽ (2004), പാൻ സിംഗ് തോമർ (2011), ദി ലഞ്ച്ബോക്സ് (2013), ഹൈദർ (2014), ഗൺഡേ (2014), പികു (2015) and തൽവാർ (2015) ഹിന്ദി മീഡിയം (2017) തുടങ്ങിയവ ഇർഫാന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാനു സാധിച്ചിരുന്നില്ല. 2013 ൽ പാൻസിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.