മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളികള്‍: മാർഗ നിർദേശമായി

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ കേരളത്തിലെത്തിക്കുന്നതിനുള്ള മാർഗ നിർദേശമായി. നോർക്ക വെബ്സൈറ്റ് മുഖേനെ രജിസ്റ്റർ ചെയ്യണം. പുറപ്പെടുന്ന സംസ്ഥാനത്ത് നിന്ന് അനുമതി ആവശ്യമാണെങ്കിൽ അത് യാത്രക്കാർ വാങ്ങണം. അനുമതിയുള്ള ചെക്ക് പോസ്റ്റ് വഴി മാത്രമായിരിക്കും പ്രവേശനം.

സംഘമായി യാത്ര ചെയ്യുന്നവർ പ്രത്യേകം ഗ്രൂപ്പായി രജിസ്റ്റർ ചെയ്യണം. നിലവിൽ ഇതുവരെ 130000 പേർ നേർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻഗണനാ അടിസ്ഥാനത്തിലാകും ഇവരെ നാട്ടിലെത്തിക്കുക. പ്രായമായവർ, രോഗികൾ, ഗർഭിണികൾ തുടങ്ങിയവർക്കാകും മുൻഗണന. സംസ്ഥാന അതിർത്തികൾ വരെ സ്വന്തം നിലയ്ക്ക് എല്ലാവരും എത്തി ചേരണം.

അതിർത്തികളിൽ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടാകും. യാത്രക്കാരുടെ പൂർണമായ വിവരങ്ങൾ പൊലീസ് ശേഖരിക്കും. ആരോഗ്യ വകുപ്പ് പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ സർക്കാരിന്റെ പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.

രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ 14 ദിവസം വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയണം. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ സംസ്ഥാനത്ത് പ്രവേശിച്ച ശേഷം നേരെ സ്വന്തം വീടുകളിലേക്ക് തന്നെയാണ് പോകുന്നതെന്ന് പോലീസ് ഉറപ്പാക്കും.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഇല്ലാത്തവർക്ക് സംസ്ഥാന സർക്കാർ തന്നെ നിരീക്ഷണ സംവിധാനം ഉണ്ടാക്കും. കുട്ടികളടക്കം ഉറ്റവരെ അതിർത്തികളിൽ പോയി കൊണ്ടുവരാന്‍ കലക്ടര്‍മാര്‍ പാസ് അനുവദിക്കും.

Show More

Related Articles

Close
Close