ഋഷി കപൂറിനെക്കുറിച്ചുള്ള ഓർമ്മകകൾ:ജീത്തുജോസഫ്

ഋഷി കപൂർ , ഒരു റൊമാന്റിക് ഹീറോ എന്ന നിലയിലാണ് ഇന്ത്യയിലെ ഏത് ചെറുപ്പക്കാരനേയും പോലെ എന്നെയും ആദ്യമായി ആകർഷിക്കുന്നത് . കോളേജിലും ഹോസ്റ്റലിലുമൊക്കെ അദ്ദേഹത്തിന്റെ സിനിമയിലെ പ്രേമഗാനങ്ങൾ യുവതീയുവാക്കൾ നെഞ്ചിൽ കൊണ്ടുനടക്കുന്ന കാലമാണത് . സിനിമ കാണാൻ ഒട്ടേറെ പരിമിതികൾ ഉള്ള ആ സമയത്ത് ഞാൻ കണ്ട ആദ്യ ഋഷി കപൂർ സിനിമ ‘ സാഗർ ‘ ആയിരുന്നു .

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ജീത്തുജോസഫ് , ഇന്നലെ മുംബൈയിൽ അന്തരിച്ച ഋഷി കപൂറിനെക്കുറിച്ചുള്ള ഓർമ്മകകൾ ഫെഫ്കയുമായി പങ്കുവെക്കുകയാണ് . ഋഷി കപൂറിന്റെ അവസാന സിനിമയായ ‘The body ‘ യുടെ സംവിധായകൻ ജീത്തുജോസഫ് ആയിരുന്നു .

ഒരു സ്പാനിഷ് സിനിമയുടെ റീമേക്കിന് ഹിന്ദിയിലെ ഒരു പ്രൊഡക്ഷൻ കമ്പനി എന്നെ സമീപിക്കുന്നു . പ്രോജക്ട് എനിക്ക് ഇഷ്ടമായി . നായകൻ ഇമ്രാൻ ഹാഷ്മി . തുല്യ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമുണ്ട് . റിട്ടയർ ചെയ്യാനിരിക്കുന്ന ഒരു പോലീസ് ഓഫീസർ . ചർച്ചകൾ അവസാനം ഋഷി കപൂറിൽ ചെന്നുനിന്നു . പ്രൊഡ്യുസർ കൂടിക്കാഴ്ചക്കുള്ള അവസരമൊരുക്കി .

എന്റെ സിനിമാ മോഹങ്ങളുടെ ഒരിടത്തും , ഒരിക്കലും അതുവരെ ഋഷി കപൂർ എന്ന പേര് വന്നിട്ടേ ഇല്ലായിരുന്നു . ഇന്ത്യൻ സിനിമയുടെ രാജപദവി തലമുറകളായി അലങ്കരിക്കുന്ന കപൂർ കുടുംബത്തിലെ , എക്കാലത്തെയും ഷോമാൻ സാക്ഷാൽ രാജ്കുമാറിന്റെ മകൻ – ഋഷി കപൂർ , ചെറിയ പ്രായത്തിൽ തന്നെ ഹിന്ദി സിനിമയുടെ താരപദവി കീഴടക്കിയ നായകനാണ് .
മകൻ രൺബീർ കപൂറിലൂടെ ആ താര കുടുംബത്തിന്റെ രാജകീയ പ്രഭാവം ഇന്നും ഇന്ത്യൻ സിനിമയിൽ അവിരാമം തുടരുകയാണ് . അവരെയൊക്കെ തൊടാനാവാത്ത ഉയരത്തിലാണ് എപ്പോഴും കണ്ടിട്ടുള്ളത് .

പറയാൻ പോകുന്ന കഥയും കഥാപാത്രവുമൊക്കെ രണ്ടാം പരിഗണനയാവും , നമ്മുടെ പെരുമാറ്റവും , ഉപയോഗിക്കുന്ന വാക്കുകളും , ഡ്രസ്സ് കോഡിന് വരെയാവും ഇവിടെ പ്രാധാന്യം .
മുൻവിധികളുടെ അമിത ഭാരവുമായാണ് ഞാൻ ഇന്ത്യൻ സിനിമയുടെ തറവാട്ടിലേക്ക് കഥ പറയാൻ പോകുന്നത്, ഒരു തുടക്കക്കാരന്റെ ഹൃദയമിടിപ്പോടെ.

വാതിലിന് പുറത്ത് എന്നെ കണ്ടതും ” ദൃശ്യത്തിന്റെ ഡയറക്ടർ ഇത്ര ചെറുപ്പമാണോ ..?!! ഞാൻ അമ്പതിന് മുകളിലാണ് പ്രതീക്ഷിച്ചത് ” എന്ന് പറഞ്ഞ് കണ്ടപാടെ എന്നെ സ്നേഹത്തോടെ ചേർത്തുനിർത്തി , ഇന്ത്യൻ സിനിമയുടെ ലെജൻഡറി ആക്ടർ , ഋഷി കപൂർ.

ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിന് പലരും സമീപിച്ചിരുന്നുവെന്നും , സിനിമ നേരത്തെ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കഥയും കഥാപാത്രവും കേട്ട് The body യിലെ പോലീസ് വേഷം ചെയ്യാമെന്ന് സമ്മതിച്ച് സന്തോഷത്തോടെ ഞങ്ങളന്ന് പിരിഞ്ഞു .

കഥാപാത്രത്തിന്റെ വസ്ത്രധാരണം മുതൽ ഭാവചലനങ്ങളിൽ വരെ സംവിധായകന്റെ നിർദ്ദേശങ്ങൾ പിന്തുടരാൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. പൂർണമായും ഡയറക്ടേഴ്സ് ആക്ടർ ആയിരുന്നു ഋഷി കപൂർ . ബഹുമാനം നൽകി ബഹുമാനം വാങ്ങാൻ അദ്ദേഹത്തിന് അറിയാമായിരുന്നു .

‘ദ ബോഡി ‘ യുടെ സീനുകൾ ഏറെയും രാത്രിയാണ് ചിത്രീകരിച്ചത് . അദ്ദേഹത്തിന് രാത്രി ഷൂട്ടിങ്ങ് തീരെ ഇഷ്ടമല്ലെന്ന് നേരത്തെ കേട്ടിരുന്നു . ഓരോ ദിവസവും അദ്ദേഹത്തിന്റെ ഭാഗങ്ങൾ പരമാവധി നേരത്തെ തീർത്ത് വിടാൻ ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്തിരുന്നു . പക്ഷെ മൗറീഷ്യസിലേക്ക് ഷിഫ്റ്റ് ചെയ്യാൻ വേണ്ടി അടുത്ത രണ്ട് രാത്രികൾ വളരെ വൈകിയും ഷൂട്ട് ചെയ്തേ പറ്റൂ. ആളിന് അല്പം മുൻശുണ്ഠിയുണ്ട്. ഷൂട്ട് Late ആകുന്ന കാര്യം പറയാൻ എല്ലാവരും ഭയന്നു . അവസാനം ആ ദൗത്യം സംവിധായകന് ഏറ്റെടുക്കേണ്ടി വന്നു . കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു,
“കുഴപ്പമില്ല , എത്ര വൈകിയും ഞാൻ നിൽക്കാം . ജീത്തു.., ഇത് നിങ്ങൾക്ക് വേണ്ടി മാത്രമാണ് .”

ഞാനിപ്പോഴും ഓർക്കുന്നു , ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഞാനദ്ദേഹത്തിന്റെടുത്ത് ഒരു കുട്ടിയെപ്പോലെ ചുറ്റിപ്പറ്റിനിൽക്കുമായിരുന്നു. ഒരു രക്ഷകർത്താവിന് നൽകാനാവുന്ന സുരക്ഷിതത്വവും സന്തോഷവും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നമ്മുടെ ഉള്ളിൽ നിറയ്ക്കും . അടുത്ത് ചെല്ലുമ്പോൾ മനസ്സ് തൊടുന്ന ഒരു ചിരിയുണ്ട് .

1993 ൽ കപിൽദേവ് സിംഗ് ആയി മമ്മൂട്ടി നായക വേഷമിട്ട ഹിന്ദി സിനിമ ‘ധർത്തീപുത്രിൽ ‘ നമ്മുടെ മമ്മൂക്കയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും , 2012 ൽ ഔറഗസീബിൽ പ്രിത്വിരാജിന്റെ കൂടെ അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം പറയാറുണ്ട് .

മോഹൻലാലിന്റെ അഭിനയം ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയിൽ സ്‌ക്രീൻ ഷെയർ ചെയ്യാൻ താത്പ്പര്യമുണ്ടെന്നും തുറന്നു പറഞ്ഞിരുന്നു . പക്ഷെ അഭിനേതാവ് എന്ന നിലയിൽ തനിക്ക് എന്തെങ്കിലും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാവണം ആ സിനിമയിലെന്നും അദ്ദേഹം നിബന്ധന വെച്ചു .

പെരുമാറ്റത്തിലും ജീവിതരീതിയിലും ഈ
രണ്ടു മഹാനടന്മാർക്കും ഒട്ടേറെ വ്യക്തിപരമായ സാമ്യങ്ങൾ അതിനകം എനിക്ക് തോന്നിയിരുന്നു . അനായാസമായ അഭിനയ ശൈലിയാണ് രണ്ടു പേരുടേതും. അതുകൊണ്ട് തന്നെ രണ്ടുപേരുടേയും മാനറിസങ്ങൾ പരമാവധി ഉപയോഗപ്പെടുത്താവുന്ന ഒരു പാൻഇന്ത്യൻ സിനിമയെ ഞാനും സ്വപ്നം കണ്ടിരുന്നു .

തുറന്നു പറച്ചിലുകൾ കൊണ്ട് വായനക്കാരെ ഞെട്ടിച്ച അദ്ദേഹത്തിന്റെ ആത്മകഥ
‘ഖല്ലം ഖല്ലം’ ഷൂട്ടിംഗ് പിരിയുമ്പോൾ ഉപഹാരമായി തന്നു . സ്വന്തം കൈപ്പടയിൽ ‘ ജീത്തു സാറിന് ..’ എന്നെഴുതി അദ്ദേഹം സമ്മാനിച്ച ആ പുസ്തകം എന്റെ കൊച്ചു സ്വകാര്യ ലൈബ്രറിയിലെ ഏറെ വിലമതിപ്പുള്ള സൂക്ഷിപ്പാണ്‌ .

കേരളത്തിൽ വരണമെന്നും ജീത്തുവിന്റെ വീട്ടിൽ വന്ന് കരിമീൻ പൊളിച്ചത് കഴിക്കണമെന്നും ഹൌസ് ബോട്ടിൽ കറങ്ങണമെന്നും തമാശയായി പറയാറുണ്ട് . നല്ല മൂഡിൽ എല്ലാവരും ഇങ്ങിനെ ചില മോഹങ്ങൾ പറയുന്നത് സാധാരണയാണ് . അങ്ങിനെയേ ഞാനും കരുതിയുള്ളൂ . പക്ഷെ കുറെ ദിവസങ്ങൾ കഴിഞ്ഞ് പ്രൊഡ്യുസറുടെ വിളി വന്നു . ഋഷി സാർ കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം പറയുന്നുണ്ട് , സാറിന്റെ സൗകര്യം ചോദിയ്ക്കാൻ പറഞ്ഞു . അദ്ദേഹത്തിന് എപ്പോഴാണോ സൗകര്യം അത് നോക്കി ഞാൻ ഫ്രീയാകാമെന്ന് അപ്പോൾ തന്നെ മറുപടി കൊടുത്തു . ഫ്ലൈറ്റ് ടിക്കറ്റ് ബ്ലോക്ക് ചെയ്‌തെന്ന് പിന്നാലെ അറിയിപ്പ് വന്നു .

പക്ഷെ പെട്ടന്ന് ഒരു വിദേശ യാത്ര വേണ്ടി വന്നതിനാൽ കേരളത്തിലേക്കുള്ള യാത്ര നീളുമെന്നും ദിവസം പിന്നീട് അറിയിക്കാമെന്നും മെസേജ് വന്നു.

അസുഖമാണെന്നും , സുഖം പ്രാപിച്ച് ഉടൻ കേരളത്തിൽ വരുമെന്നും ഇപ്പോൾ ഇങ്ങിനെയാണെന്നും പറഞ്ഞ് അദ്ദേഹം ന്യുയോർക്കിലെ ആശുപത്രി കിടക്കയിൽ നിന്ന് ഫോട്ടോ അയച്ചു തന്നു . അദ്ദേഹം വേഗം തന്നെ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് ഞങ്ങൾ രണ്ടുപേരും ഉറച്ചു വിശ്വസിച്ചു . ഓരോ കമ്യൂണിക്കേഷനിലും തമാശപോലെ കരിമീൻ പൊള്ളിച്ചത് ഒരിക്കെലെങ്കിലും അദ്ദേഹം പരാമർശിക്കും . ആ വലിയ മനുഷ്യ സ്നേഹിയുടെ
വരവിനായി എന്റെ കുടുംബം പ്രതീക്ഷയോടെ കാത്തിരുന്നു .

ലാലേട്ടനെ നായകനാക്കി ‘ റാം ‘ സിനിമ തുടങ്ങുന്നതിന് മുമ്പ് ഞാനദ്ദേഹത്തെ വിളിച്ച് അനുഗ്രഹം വാങ്ങി . അത്തരം ശീലങ്ങൾ ഇല്ലാത്ത ആളാണ് ഞാൻ . പക്ഷെ അനുഗ്രഹം തേടാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിൽ ഉണ്ടായിരുന്നു.

ക്യാമറമാൻ സതീഷ് കുറുപ്പിനെയും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു . അദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്നും എന്റെ മുറിയിലേക്ക് വന്ന് സതീഷിനെയും വിളിച്ച് ചില സ്വകാര്യ വിരുന്നു നിമിഷങ്ങൾ അദ്ദേഹം ഒരുക്കുമായിരുന്നു .

ഇന്നലെ രാവിലെ സതീഷാണ് ദുഃഖ വാർത്ത അറിയിക്കുന്നത് .

വെറും നാൽപ്പത് ദിവസങ്ങൾ കൊണ്ട് ഋഷി കപൂർ എന്റെ ആരോ ആയി മാറിയിരുന്നു . ലെജൻഡറി ആക്ടർ എന്നതിനുമപ്പുറം സ്വന്തത്തിൽപ്പെട്ട ഒരാളിന്റെ അപ്രതീക്ഷിത വിയോഗം പോലെ ഇപ്പോഴും ഉള്ളിൽ കൊളുത്തിവലിക്കുന്നുണ്ട് ആ വേദന .

ജീത്തു ജോസഫ് നിർത്തി .

Show More

Related Articles

Close
Close