Trending

രവി വള്ളത്തോൾ അന്തരിച്ചു.

ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവനാണ്​. 50 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​. …

പ്രശസ്ത നാടകകൃത്ത്‌ ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനിച്ചു. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി ജിയും കഴിഞ്ഞു. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്വരയിൽ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. സ്വാതി തിരുന്നാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. തുടർന്ന് മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, വിഷ്ണുലോകം, സർഗം, കമ്മീഷണർ… എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്‌ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. സിബി മലയിലിന്റെ നീവരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

നല്ലൊരു എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി.

Show More

Related Articles

Close
Close