കരമന:വിട പറഞ്ഞ് പോയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ

കരമന ജനാർദ്ദനൻ നായർ ചലച്ചിത്ര രംഗത്തോട് വിട പറഞ്ഞ് പോയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ തികയുന്നു . 1936 ൽ തിരുവനന്തപുരം ജില്ലയിലെ കരമന എന്ന സ്ഥലത്ത് കുഞ്ചു വീട്ടിൽ രാമസ്വാമി അയ്യരുടെയും ഭാർഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. ചാല ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നടത്തി. തുടർന്ന് ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്നും നിയമത്തിൽ ബിരുദവും നേടി. സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സ്റ്റുഡൻസ് ഫെഡറേഷനിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

പ്രോവിഡന്റ്സ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരം ആകാശവാണിയിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും പങ്കെടുത്തു. പിന്നീടാണ് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്നത്. വൈകി വന്ന വെളിച്ചം, നിന്റെ രാജ്യം വരുന്നു തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല നാടങ്ങളിലും അഭിനയിച്ചിരുന്നു. അടുർ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച കരമന അടൂരിന്റെ തന്നെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 1981- ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ ആയിരുന്നു കരമന ജനാർദ്ദനൻ നായർ, കാലഘട്ടത്തിന്റെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായികൊണ്ടിരിക്കുന്ന ഫ്യൂഡലിസത്തിൽ, അഭിരമിക്കുന്ന, നിഷ്ക്രിയനായ ഉണ്ണി എന്ന കേന്ദ്രകഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു

നാടകത്തിലൂടെ അഭിനയം ആരംഭിച്ച കരമന ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എലിപ്പത്തായം, മതിലുകൾ, മറ്റൊരാൾ, ദശരഥം, മഴവിൽക്കാവടി സ്ഫടികം, മാലയോഗം, ദിനരാത്രങ്ങൾ, പൊന്മുട്ടയിടുന്ന താറാവ്, വെള്ളാനകളുടെ നാട്, പട്ടണപ്രവേശം, , കമ്മീഷണർ, മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, ധ്വനി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു . 1999 ൽ പുറത്തിറങ്ങിയ എഫ് . ഐ. ആർ. എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത് .

2000 ഏപ്രിൽ 24-ന് 64-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഭാര്യ ജയ. മൂന്ന് മക്കളുണ്ട്. മൂത്ത മകൻ സുധീർ കരമന ഇപ്പോൾ ചലച്ചിത്ര അഭിനയരംഗത്ത് സജീവമാണ്.

വേറിട്ട അഭിനയ ശൈലികൊണ്ട് ചെറിയൊരു കാലയളവിൽ പ്രേക്ഷക മനസ്സുകളിൽ വലിയ സ്ഥാനം പിടിച്ചു പറ്റിയ അഭിനേതാവ് ആണ് ശ്രീ കരമന ജനാർദ്ദനൻ നായർ. ചെറുതും വലുതുമായ കഥാപാത്രങ്ങളെ തന്റെ അഭിനയ പാടവം കൊണ്ട് ഓരോ ചിത്രങ്ങളിലും വ്യത്യസ്തമാക്കിയിട്ടുള്ള ആ വലിയ നടൻ നമ്മളെ വിട്ടുപോയിട്ട് ഇരുപത് വർഷമായിട്ടും നമ്മുക്ക് സമ്മാനിച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ നമ്മുടെ ഓർമകളിൽ ഇപ്പോഴും ജീവിക്കുന്നു .

Show More

Related Articles

Close
Close