ഗവർണ്ണർ പി എസ് ശ്രീധരൻപിള്ളയുടെ ആവശ്യം ചർച്ചയാകുന്നു.

ഗവർണ്ണർമാരുടെ കോൺഫറൻസിൽ സംസാരിക്കവേയാണ് ഈ വിഷയം അദ്ദേഹം ഉന്നയിച്ചത്

പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരുദേവ- ചട്ടമ്പിസ്വാമി ദർശനങ്ങൾ ഉൾപ്പെടുത്തണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിളിച്ചുചേർത്ത ഗവർണ്ണേഴ്സ് മീറ്റിങ്ങിൽ മിസ്സോറാം ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസനയം 2020 എന്ന വിഷയത്തിൽ ഗവർണ്ണർമാരും, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും, സർവ്വകലാശാല വിസിമാരും അടക്കമുള്ളവരാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തെ അഭിസംബോധന ചെയ്തിരുന്നു.

യൂറോ സെൻട്രിക്ക് വിദ്യാഭ്യാസം കൊണ്ടുവന്ന ലോർഡ് മെക്കാളെ വിജ്ഞാന രംഗത്തും, സാംസ്കാരിക രംഗത്തും , സാമ്പത്തിക രംഗത്തും, രാഷ്ട്രീയ ആശയ രംഗത്തും, ചിന്തിക്കുന്ന മനുഷ്യർക്കു മുൻപിൽ അവതരിപ്പിക്കുവാൻ പറ്റുന്ന തനതായ ഒന്നുമില്ലാത്ത രാജ്യമാണ് അവിഭക്ത ഇന്ത്യ എന്നാണ് പറഞ്ഞിരുന്നത്.

മെക്കാളേയുടെ പ്രേതം പൂർണ്ണമായും ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം 2020 ലൂടെ ” യൂറോ സെൻട്രിക് “വിദ്യാഭ്യാസത്തിനു പകരം ഇൻഡോ സെൻട്രിക് വിദ്യാഭ്യാസം ലക്ഷ്യമിടുന്നു.

ആത്മനിർഭർ ഭാരത് എന്ന സ്വയം പര്യാപ്ത ഇന്ത്യയ്ക്കു വേണ്ടിയുള്ള ശ്രമത്തിൽ വിദ്യാഭ്യാസ രംഗത്തെ ഈ പുതിയ നയംമാറ്റം അടിസ്ഥാനഘടകമാണ് .അത്തരമൊരു വിദ്യാഭ്യാസ പദ്ധതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിൽ നിന്ന് ജ്വലിച്ചുയർന്ന ദാർശനിക പ്രതിഭകളായ ശ്രീനാരായണ ഗുരുദേവൻ്റേയും ,ചട്ടമ്പിസ്വാമികളുടേയും ജീവിത ദർശനങ്ങൾ പാഠ്യപദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്തി പുതുതലമുറയ്ക്ക് പകർന്നു നൽകേണ്ടതാണ്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകം ഏറെ ആദരിച്ച വിവേകാനന്ദനും, രവീന്ദ്രനാഥ ടാഗോറും ചട്ടമ്പിസ്വാമിയെക്കുറിച്ചും, ശ്രീനാരായണ ഗുരുദേവനെപ്പറ്റിയും ലോകത്തോട് പറഞ്ഞിട്ടുള്ളത് വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്.

1892 ൽ കൊച്ചിയിൽ വച്ച് വിവേകാനന്ദ സ്വാമികൾ ചട്ടമ്പിസ്വാമിയിൽ നിന്നും ചിന്മുദ്ര സ്വാംശീകരിച്ച ശേഷം പുറം ലോകത്തോട് പറഞ്ഞത് “താൻ കേരളത്തിൽ വച്ച് ഒരത്ഭുത പ്രതിഭയെ ദർശിച്ചുവെന്നായിരുന്നു.”

1922ൽ ഗുരുദേവനെ സന്ദർശിച്ച ശേഷം രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് “ലോകമൊട്ടാകെ സഞ്ചരിച്ച് ആചാര്യന്മാരെയും സിദ്ധന്മാരെയും കണ്ടിട്ടുണ്ടെങ്കിലും ഗുരുദേവൻ്റെ യോഗതേജസ്സാർന്ന നയനങ്ങളും, പ്രഭയും താൻ മറ്റാരിലും ദർശിച്ചിട്ടില്ലായെന്നാണ്.”

ഈ രണ്ടു മഹത്തുക്കളുടേയും അഭിപ്രായങ്ങളിലൂടെ കേരളത്തിൽ ഈ നവോത്ഥാന നായകന്മാരെ രാജ്യമാസകലം അവതരിപ്പിക്കേണ്ട സന്ദർഭമാണിത്.ഇതിനാലാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെടുന്നത്.

കേരളം, തമിഴ്നാട്, മിസോറാം പോലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയ്ക്കും, ഹിന്ദിയ്ക്കും ഒപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകേണ്ടതുണ്ട് എന്നും മിസ്സോറാം ഗവർണ്ണർ പറഞ്ഞു.

വ്യാപകമായ സ്വീകാര്യതയാണ് കേരളത്തിൽ ഈ നിർദ്ദേശത്തിന് ഉണ്ടായിരിക്കുന്നത്.

Show More

Related Articles

Close
Close